Thursday, December 31, 2009

പ്രതിജ്ഞ

ലഫ്‌.കേണല്‍ മോഹന്‍ലാല്‍ പത്മശ്രീ പ്രചരണസ്ഥാനപതിയായ ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി എന്ന നമ്മുടെ സംഘടന, മനുഷ്യത്വം വളര്‍ത്തുന്നതിന്റെയും ഊട്ടിയുറപ്പിക്കുന്നതിന്റെയും ഭാഗമായി ലോകത്തെ എല്ലാ ഭാഷകളിലും പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന പ്രതിജ്ഞയാണിത്‌. കാലത്തെയും ഭാഷ-സാംസ്‌കാരിക-മതപരമായ അതിര്‍വരമ്പുകളെയും അതിജീവിക്കാന്‍ കരുത്തുള്ള ലളിതവും വ്യക്തവും ആശയസമ്പുഷ്ടവുമായ ഒരു പ്രതിജ്ഞയാണിതെന്ന്‌ ഞങ്ങളിപ്പോള്‍ വിശ്വസിക്കുന്നു. ഈ സത്യപ്രതിജ്ഞയെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക

മനുഷ്യത്വത്തിന്റെ നിലനില്‍പ്പിനും അതിന്റെ കെട്ടുറപ്പ്‌ വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യരാശിക്കും പ്രപഞ്ചത്തിനും തീര്‍ത്തും ദോഷകരമായ തീവ്രവാദം ഇല്ലായ്‌മ ചെയ്യുന്നതിനും ഒരു `മനുഷ്യന്‍' എന്ന നിലയില്‍ നമുക്ക്‌ ഒന്നായി നിന്ന്‌ എന്തെല്ലാം ചെയ്യാന്‍ കഴിയും? ഓരോ വ്യക്തികളില്‍ നിന്നും സഹകരണവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്താവുന്നതാണ്‌



പ്രതിജ്ഞ

ഞാന്‍ മനുഷ്യനാണ്‌. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും മഹത്വമുള്ളതാണെന്നും, അവയോട്‌ സ്‌നേഹവും കരുണയും പുലര്‍ത്തുന്നതാണ്‌ മനുഷ്യത്വമെന്നും, മനുഷ്യത്വമാണ്‌ മനുഷ്യനെന്ന പൂര്‍ണ്ണതയ്‌ക്ക്‌ ആവശ്യമെന്നും ഞാന്‍ തിരിച്ചറിയുന്നു. എന്റെ ജീവിതം പ്രപഞ്ചത്തിനെ ആശ്രയിച്ചു നില്‍ക്കുന്നു. ആയതിനാല്‍; പ്രപഞ്ചം കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും തുടര്‍ച്ചയ്‌ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവിതം നയിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

മതം, ജാതി, വര്‍ഗ്ഗം, വര്‍ണ്ണം, വംശം, ഭാഷ, ദേശം എന്നിങ്ങനെ യാതൊന്നിന്റെയും പേരില്‍ സഹജീവികളോട്‌ വിദ്വേഷമോ, വിവേചനമോ വച്ചുപുലര്‍ത്തില്ലെന്നും, എന്റെ വിശ്വാസവും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മറ്റു വിശ്വാസികള്‍ക്കോ, പ്രകൃതിക്കോ ശല്യമാകാതെയും അവരെ പ്രകോപിപ്പിക്കാതെയും മാത്രമേ ആചരിക്കൂ എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. മനുഷ്യത്വത്തിനെതിരായ യാതൊരു പ്രവര്‍ത്തിയോ ചിന്തയോ വച്ചുപുലര്‍ത്തില്ലെന്നും വിദ്വേഷത്തിനെതിരെയുള്ള ആശയപ്രചാരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും എന്നാല്‍ കഴിയുംവിധം പങ്കാളിത്തം വഹിക്കുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.